നിങ്ങള്‍ക്കൊരു പഠനതന്ത്രം ഉണ്ടോ?

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമായ ചില ലളിതമായ പഠന ടിപ്പുകൾ

FEDAR Foundation | Nov 12 , 2021

നന്നായി പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ "പഠന തന്ത്രം" എന്താണ്? പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമായ ചില ലളിതമായ പഠന ടിപ്പുകൾ ഇതാ…..

  1. പഠനത്തിന് ഏറ്റവും നല്ല സ്ഥലവും സമയവും തിരഞ്ഞെടുക്കുക: പഠിക്കാൻ ഏറ്റവും നല്ല സ്ഥലത്തെയും സമയത്തെയും കുറിച്ച് ഓരോരുത്തർക്കും അവരുടേതായ ധാരണയുണ്ട്. നിങ്ങളുടെ കിടപ്പുമുറിയായാലും സ്‌കൂൾ ലൈബ്രറിയായാലും, നിങ്ങൾക്ക് അനുയോജ്യമായ ഒരു പഠന ഇടവും സ്ഥിരമായ പഠന സമയവും കണ്ടെത്തുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുക.
  2. എല്ലാ ദിവസവും പഠിക്കുക: എല്ലാ ദിവസവും അൽപ്പം പഠിക്കുകയാണെങ്കിൽ, പഠനത്തോട് ഒരു തുടര്‍ച്ചയായ ബന്ധം കാത്തുസൂക്ഷിക്കാന്‍ അത് നിങ്ങളെ സഹായിക്കും. കാര്യങ്ങൾ മനസ്സിലാക്കാനും അവസാനനിമിഷത്തിന്റെ സമ്മർമൊഴിവാക്കാനും അത് സഹായകമാണ്.
  3. പഠനസമയത്തെ ഉചിതമായി ക്രമീകരിക്കുക: എന്തൊക്കെയാണ് പഠിച്ചു തീർക്കണ്ടത് എന്ന രീതിയിൽ ഒരു TO DO ലിസ്റ്റ് തയ്യാറാക്കുകയും അതിനനുസരിച്ചു പഠനവിഷയങ്ങളെ തരംതിരിച്ചു സമയക്രമീകരണം നടത്തുകയും ചെയ്യുക. ഓരോ വിഷയത്തിന്റെയും പ്രാധാന്യം അനുസരിച്ചു വേണം ടൈംടേബിള്‍ ക്രമീകരിക്കാന്‍.
  4. നിങ്ങളുടെ പഠന ശൈലി കണ്ടെത്തുക: പഠനത്തിന് ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ പഠന ശൈലി ഏതാണെന്ന് മനസ്സിലാക്കുകയും അതനുസരിച്ചു പഠനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക .
  5. പഠനത്തെ നിരന്തരം അവലോകനം ചെയ്യുക: ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ക്ലാസ്സിൽ പഠിച്ച കാര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണം. പഠനകാര്യങ്ങള്‍ വീണ്ടും വീണ്ടും ചിന്തിക്കുന്നത് പഠിച്ച ആശയങ്ങൾ മനസിലാക്കാനും ഏറ്റവും ആവശ്യമുള്ളപ്പോൾ അവ ഓർമ്മിക്കാനും നിങ്ങളെ സഹായിക്കും.
  6. ആവശ്യമെങ്കിൽ പഠനരീതി പരിഷ്കരിക്കുക: പഠനത്തെ അവലോകനം ചെയ്ത ശേഷം ഫലം മികച്ചതായി തോന്നുന്നില്ലെങ്കിൽ പഠനരീതിയിൽ മാറ്റങ്ങൾ വരുത്തണം.
  7. തുടർച്ചയായി പഠിക്കാതെ ഇടവേളകൾ എടുക്കുക: പഠനത്തിനിടയിലെ ഇടവേളകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. പ്രത്യേകിച്ചും, ക്ഷീണമോ മടുപ്പോ നിരാശയോ തോന്നുകയാണെങ്കിൽ ഇടവേളകളിലേക്ക് പോവുകയും ചെറുവിനോദങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ഒരേ വിഷയത്തില്‍ കൂടുതൽ സമയം പ്രവർത്തിക്കുന്നത് യഥാർത്ഥത്തിൽ നിങ്ങളുടെ ശരിയായ പഠനത്തെ സാരമായ രീതിയിൽ ബാധിക്കും .
  8. സംശയങ്ങൾ തീർത്തു പഠിക്കുക: സംശയമുള്ള കാര്യങ്ങൾ പഠിച്ച് തന്നെ മുന്നോട്ടു പോകുന്നതാണ് അത് പിന്നത്തേക്ക് വെക്കുന്നതിനേക്കാളും ഒഴിവാക്കുന്നതിനേക്കാളും നല്ലത്. നിങ്ങൾക്ക് മനസ്സിലാകാത്തതും സംശയമുള്ളതുമായ കാര്യങ്ങളെക്കുറിച്ച് അധ്യാപകരുമായോ സുഹൃത്തുക്കളുമായോ പങ്കുവച്ചു സംശയങ്ങൾ തീർത്തു വേണം പഠനം മുന്നോട്ടു കൊണ്ടുപോകാന്‍.
  9. പ്രചോദിതരായി തുടരുക: പഠിക്കുമ്പോള്‍ എന്തിനാണ് കഠിനാധ്വാനം ചെയ്യുന്നത് എന്നതിന്റെ കാരണങ്ങൾ എപ്പോഴും ഓര്‍മ്മിക്കുക. അത് പഠനത്തിനുള്ള പ്രചോദനം വര്‍ദ്ധിപ്പിക്കും. കഠിനാദ്ധ്വാനം ചെയ്യാനുള്ള കാരണങ്ങൾ ആണ് യഥാർത്ഥ പ്രചോദനം എന്നോര്‍മ്മിക്കണം.

നന്നായി പഠിക്കുന്നവര്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ട കാര്യങ്ങള്‍

പഠനം എങ്ങനെ എളുപ്പമാക്കാം, ഏറ്റവും നല്ല പഠന രീതികൾ എന്തെല്ലാമാണ് എന്നതിനെകുറിച്ചു നാം എപ്പോഴും കേൾക്കാറുണ്ട്. എന്നാൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചു കൂടി നാം അറിഞ്ഞിരിക്കണം.

  1. ഏതെങ്കിലും ഒരു വിഷയം മാത്രം കൂടുതലായി പഠിക്കുക എന്നതിനേക്കാള്‍ എല്ലാ വിഷയങ്ങൾക്കും തുല്യ സമയം നൽകി പഠിക്കുന്നതാണ് നല്ലത്. അതേസമയം കഠിനമായ വിഷയങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. പക്ഷേ, ഒരു വിഷയത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് മറ്റുവിഷയങ്ങളെ അവഗണിച്ചാല്‍ പൊതുവില്‍ പരാജയമായിരിക്കും ഫലം.
  2. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. മൾട്ടി ടാസ്കിങ് എപ്പോഴും പഠനസമയം കുറയ്ക്കുകയാണ് ചെയ്യുക.
  3. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു ചെറിയ കാലയളവിൽ മാത്രം തീവ്രമായി പഠിക്കുന്ന രീതി ഒഴിവാക്കുക. ശരിയായ വിശ്രമം കൊടുക്കാതെയുള്ള പഠനരീതി ആരോഗ്യത്തെ മാത്രമല്ല തുടര്‍പഠനത്തെയും സാരമായ രീതിയിൽ ബാധിക്കും. ഇത്തരം പഠനരീതി യോഗ്യതാപരീക്ഷകളില്‍ കടന്നുകൂടാന്‍ സഹായകമായ ഒന്നല്ല.
  4. പഠന സമയങ്ങളിൽ ടെലിവിഷന്‍, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കാതിരിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിദ്യാർത്ഥി അറിയാതെ തന്നെ അവരുടെ ഒരുപാട് സമയം കവർന്നെടുക്കും. മാത്രവുമല്ല, അത് ശ്രദ്ധിച്ചു പഠിക്കാനുള്ള താത്പര്യത്തെയും ആവേശത്തെയും കെടുത്തിക്കളയുകയും ചെയ്യും.

ഈ വരികള്‍ ഓര്‍മ്മിക്കാം...

വിദ്യാര്‍ത്ഥിക്കില്ല താന്‍ സുഖം
സുഖാര്‍ത്ഥിക്കില്ല താന്‍ വിദ്യ‍
വിദ്യാര്‍ത്ഥി വിടണം സുഖം
സുഖാര്‍ത്ഥി വിടണം വിദ്യ!


Related Articles

സോഷ്യൽ വർക്ക്

സോഷ്യൽ വർക്ക് എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് സമൂഹസേവനം എന്നതാണ്. എന്നാൽ അങ്ങനെയല്ല അതൊരു പ്രൊഫഷണൽ വർക്കാണ്. ഫീൽഡ് എക്സ്പീരിയൻസുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരെ തെരഞ്ഞെടുക്കുകയാണ് BSW, MSW എന്ന കോഴ്സിലൂടെ ചെയ്യുന്നത്. ഇന്നത്തെ തലമുറ കൂടുതലും വ്യത്യസ്തത തേടിയാണ് നടക്കുന്നത്, അത്തരക്കാർക്ക് പറ്റിയ പഠന മേഖലയാണ് സോഷ്യൽ വർക്ക്.

ഒരു സോഷ്യൽ വർക്കറുടെ പ്രധാന ജോലി എന്നത് ഒരു വ്യക്തിയുടെയോ ഒരു പ്രദേശത്തിന്റെയോ പ്രശ്നങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും അവർക്കുവേണ്ട സഹായവും മനോധൈര്യവും കൊടുക്കുകയും അതിനുശേഷം പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ അവരെ തന്നെ പ്രാപ്തരാക്കുകയും
ചെയ്യുക എന്നതാണ്. ഇന്നത്തെ സമൂഹത്തിൽ സോഷ്യൽ വർക്കർമാർക്ക് ഉന്നത സ്ഥാനമാണ് ഉള്ളത്.

ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (BSW ) എന്ന ബിരുദ്ധ കോഴ്സും മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ( MSW ) എന്ന ബിരുദാനന്തര ബിരുദ കോഴ്സും ആണ് ഇപ്പോൾ നിലവിലുള്ളത്. കേരളത്തിന് പുറത്തും അകത്തും മികച്ച യൂണിവേഴ്സിറ്റികളിൽ ഈ കോഴ്സുകൾ ചെയ്യാൻ അവസരമുണ്ട്. പ്ലസ്ടു കഴിഞ്ഞ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി യു ടി സി) എന്ന പ്രവേശന പരീക്ഷ വഴി കേന്ദ്രസർവലാശാലകളിലെ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് പ്രവേശനം നേടാം. MSW വിന് ചേരണമെങ്കിൽ ഏതെങ്കിലും ഒരു ബിരുദ കോഴ്സ് പാസായാൽ മതി. BSW പഠിച്ചവർക്ക് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നില്ല. ഈ കോഴ്സുകൾ ചെയ്യുമ്പോൾ തിയറി പേപ്പറും പ്രാക്ടിക്കൽ ക്ലാസുകളും ഉണ്ട്. ഈ കോഴ്സിന്റെ ഭാഗമായി നിശ്ചിതകാലയളവിൽ ഇന്റേൺഷിപ്, ഫീൽഡ് വർക്ക് ചെയ്യാൻ അവസരം ലഭിക്കുന്നു. കൂടാതെ പഠനത്തിന് ഭാഗമായി റൂറൽ ക്ലാസ്സ് ഫീൽഡ് എക്സ്പ്ലോഷർ വിസിറ്റിംഗ് തുടങ്ങിയവ ഓരോ സോഷ്യൽ വർക്ക് വിദ്യാർഥിയുടെയും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.

MSW-വിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ തെരഞ്ഞെടുക്കാം എന്നതാണ്. കേരളത്തിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലും ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ട്. വിദേശത്തും ജോലി നേടാൻ എളുപ്പമുള്ള ഒരു കോഴ്സ്സാണിത്. ഒരു വ്യക്തിയുടെയോ ഒരു കൂട്ടം മനുക്ഷ്യരുടെയോ പ്രശ്നങ്ങളെ ശാസ്തീയമായി പഠിക്കുന്നവരെന്ന എന്ന നിലയ്ക്ക് സോഷ്യൽ വർക്കേഴ്സിന് ദിനംപ്രതി അവസരം കൂടുകയാണ്. അതുകൊണ്ട് ധാരാളം ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.

മനുഷ്യൻ എങ്ങനെയെല്ലാമാണ് സമൂഹത്തെ സ്വാധീനിക്കുന്നത്,എന്താണ് സമൂഹം? സമൂഹത്തിൽ ഇന്ന് എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത് സോഷ്യൽ വർക്ക് എന്നാൽ എന്ത്? ഇത്തരത്തിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം നൽകുക എന്നതാണ് ഈ കോഴ്സിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും മനുഷ്യനെ അറിയുക , അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് അതിനുവേണ്ട പരിഹാരം കണ്ടെത്തുക എന്നതാണ് ഈ കോഴ്സ് ലക്ഷ്യം വെക്കുന്നത്.

ചിട്ടപ്പെടുത്തിയ സിവിയുടെ പ്രാധാന്യം

പ്രൊഫഷണൽ മേഖലയിലെ ഒരു സുപ്രധാന രേഖയാണ് സിവി അഥവാ കരിക്കുലം വീറ്റ. ഒരു സ്ഥാപനത്തിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമാണ് സിവി ഷോര്‍ട്‌ലിസ്റ്റ് ചെയുകയെന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ സസൂഷ്മം തയ്യാറാക്കേണ്ട രേഖയാണ് സിവി അഥവാ കരിക്കുലം വീറ്റ. ഒരു വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത, നേട്ടങ്ങൾ, പ്രൊഫഷണൽ അനുഭവങ്ങൾ, കഴിവുകൾ എന്നിവയുടെ സംഗ്രഹമാണിത്. അതുകൊണ്ട് തന്നെ ചിട്ടയായി രൂപപ്പെടുത്തിയ സിവി വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

കോൺടാക്ട് ഡീറ്റെയിൽസ്: പേര്, ഫോൺ നമ്പർ, അഡ്രസ്സ് എന്നിവ ഉൾപ്പെടുന്ന കോൺടാക്ട് ഡീറ്റെയിൽസോട് കൂടിയാണ് ഒരു സിവി ആരംഭിക്കുക.

ഒബ്ജക്റ്റീവ് അഥവാ വ്യക്തിഗത പ്രസ്താവന: ഇവിടെ ഒരു വ്യക്തിയുടെ കരിയർ ലക്ഷ്യങ്ങൾ, കഴിവുകൾ, ആട്രിബ്യൂട്ടുകൾ എന്നിവയുടെ ഒരു ലഘു ചിത്രം നൽകുന്നു. വായനക്കാരൻ്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റുന്ന രീതിയിൽ വേണം ഈ പ്രസ്താവന എഴുതാൻ.

പ്രൊഫഷണൽ അനുഭവങ്ങൾ: ഒരു സിവിയുടെ ഹൃദയം ആണിത്. ഇവിടെ മുൻപ് ചെയ്തിട്ടുള്ള ജോലികൾ ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങൾ നേട്ടങ്ങൾ എന്നിവ വിവരിക്കുന്നു. ബുള്ളറ്റ് പോയിന്റുകളും സംക്ഷിപ്ത വാക്യങ്ങളും ഉപയോഗിക്കുന്നത് പ്രധാനപ്പെട്ട വിവരങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ യോഗ്യത: ബിരുദങ്ങൾ, ഡിപ്ലോമകൾ, സർട്ടിഫിക്കറ്റുകൾ , പ്രോജക്ടുകൾ, ഇന്റേൺഷിപ്സ് എന്നിവയാണ് ഇവിടെ വിവരിക്കുന്നത്. വ്യക്തിയുടെ വിദ്യാഭ്യാസ പശ്ചാത്തലത്തെ അടിവരയിടുന്ന ഭാഗമാണിത്. ഇവിടെ അപേക്ഷിക്കുന്ന ജോലിക്ക് അനുസൃതമായ സർട്ടിഫിക്കേഷനുകൾ, പരിശീലനങ്ങൾ എന്നിവ ഹൈലൈറ്റ് ചെയ്യേണ്ടതാണ്.

കഴിവുകളും യോഗ്യതകളും: ഒരു വ്യക്തിയുടെ സാങ്കേതിക വൈദഗ്ധ്യം, ഭാഷ വൈദഗ്ധ്യം, നേതൃത്വശേഷി, സോഫ്റ്റ് സ്കില്ലുകൾ, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, മറ്റു കഴിവുകൾ എന്നിവയാണ് ഇവിടെ വിവരിക്കുക.

അധിക വിവരങ്ങൾ: വ്യക്തിയുടെ നേട്ടങ്ങൾ, താല്പര്യങ്ങൾ തുടങ്ങി അധികമായി ചേർക്കേണ്ട വിശദാംശങ്ങൾ ഇവിടെ ചേർക്കുന്നു.

ഒരു സിവിയുടെ ആകർഷകമായ അവതരണം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സിവി തയ്യാറാക്കുമ്പോൾ നല്ല ഫോർമാറ്റുകൾ തിരഞ്ഞെടുക്കുക. ക്ലാസിക് ഫോണ്ടുകളിൽ വിവരങ്ങൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുക. ഇവ CV ക്ക് പ്രൊഫഷണൽ ലുക്ക് നൽകാൻ സഹായിക്കും. ഒരു സിവിക്കുള്ളിൽ, അപേക്ഷിക്കാൻ പോകുന്ന ജോലിയുമായി ബന്ധപ്പെട്ട കഴിവുകളും അനുഭവങ്ങളും ആയിരിക്കണം നമ്മൾ ഹൈലൈറ്റ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ പല സ്ഥാപനങ്ങളിലേക്ക് ഒരേ സിവിയല്ല വേണ്ടത്. ചിത്രങ്ങളും ഗ്രാഫുകളും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്റ്റാൻഡേർഡ് ഫയൽ ഫോർമാറ്റുകളായ ഡോക്സ് അല്ലെങ്കിൽ പിഡിഎഫ് ഫയലായി വേണം സിവി അയക്കാൻ. സി വിയിൽ വരുന്ന തെറ്റുകൾ ഉദ്യോഗാർത്ഥിയെ കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടാൻ കാരണമാകുന്നു. സ്പെല്ലിംഗ്, ഗ്രാമർ, ശൈലി, ചിഹ്നങ്ങൾ എന്നിവയിലെ പിശകുകൾ പരമാവധി ഒഴിവാക്കുക.

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, ഒരു നല്ല ഘടനയുള്ള സിവി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. സൂക്ഷ്മമായി തയ്യാറാക്കിയ ഒരു സിവി ഒരു വ്യക്തിയുടെ തൊഴിൽ അവസരത്തിലേക്കുള്ള പാസ്പോർട്ട് ആയി മാറണം. അതുകൊണ്ടുതന്നെ, സമയമെടുത്തും ശ്രദ്ധയോടും കൂടി വേണം ഇത് തയ്യാറാക്കാൻ. നിർദിഷ്ട ജോലിയുടെ ആവശ്യകതകൾ അടിസ്ഥാനമാക്കി ഏറ്റവും പ്രസക്തമായ കഴിവുകൾ, യോഗ്യതകൾ, അനുഭവങ്ങൾ എന്നിവ ഹൈലൈറ്റ് ചെയ്ത് ശ്രദ്ധയോടെ തയ്യാറാക്കാൻ ശ്രദ്ധിക്കണം.

A.I യുഗം

വിവര സാങ്കേതിക മേഖലയിലെ ഓരോ ഏടും ഭരിക്കുന്ന A.I യുഗമാണിന്ന്. ആധുനിക ലോകത്തിൻ്റെ നൂതന സൃഷ്ടിയായ A.I (Artifical Intelligence) ഇപ്പോൾ മാറ്റത്തിൻ്റെ പുതിയ ലോകം സൃഷ്ടിക്കുകയാണ്. A.I യുടെ ക്രിയാത്മകവും, സാങ്കേതിക പരവുമായ മാറ്റം ലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. എങ്കിലും എല്ലാ മേഖലയിലുമുള്ള A.I യുടെ ഈ കടന്നുകയറ്റത്തെ അല്പം ഭയത്തോടെയാണ് നാം ഉറ്റുനോക്കുന്നത്. A.I യെ പറ്റിയുള്ള തെറ്റായ ധാരണകളും, മുൻവിധികളുമാണ് ഈ ഭയത്തിനാധാരം.എന്നാൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ A.I യുടെ പങ്ക് ഏറേ നിർണായകമാണ്. ഇതിനായി A.I യെ പറ്റിയുള്ള അടിസ്ഥാന അറിവ് നേടുക എന്നതാണ് വിദ്യാർത്ഥികൾ മറികടക്കേണ്ട പ്രഥമ കടമ്പ.

വിവരസാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായി A.I മാറുമ്പോൾ അതുപയോഗിച്ച് പഠനം മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ആധുനികതയും, ആഢംമ്പരവും കുത്തിനിറച്ച മോഡേൺ വിദ്യാലങ്ങളും സാധാരണക്കാരുടെ വഴികാട്ടിയായ സർക്കാർ സ്ക്കൂളുകളും തമ്മിലുള്ള വിദ്യാഭ്യാസപരമായ അസമത്വം മറികടക്കാൻ ഒരു പരിധി വരെ ഇത്തരത്തിലുള്ള A.I ടൂൾസ് നമ്മെ സഹായിക്കും.

വിവിധ പഠന വിഷയങ്ങൾ മികച്ച രീതിയിൽ ഹൃദ്യസ്ഥമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പ്രമുഖ A.I ടൂളുകളാണ്

Quizlet 

പരിശീലനത്തിന്‌ ക്വിസുകൾ, പഠനം രസകരമാക്കുന്നതിന് ചില ഗെയിമിംഗുകൾ എന്നിവ മുഖേന കുട്ടികളിൽ പഠനശീലം രൂപപ്പെടുത്താൻ സഹായിക്കുന്നു.

Socratic by Google   

ഗണിതം, സാഹിത്യം, ശാസ്ത്രം മുതലായ പഠനവിഷയങ്ങൾ ഉൾകൊള്ളുന്ന ഇതിൽ ചോദ്യത്തിൻ്റെ ഫോട്ടോയെടുക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്‌തുകൊണ്ട് വിവിധ വിഷയങ്ങളുടെ ഉത്തരങ്ങളും വിശദീകരണങ്ങളും കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.

Wolfram Alpha 

ഗണിത ശാസ്ത്രപരമായ പ്രശ്‌നങ്ങൾ കൃത്യതയോടെ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നു.ഗണിത ശാസ്ത്രത്തിനു പുറമെ രസതന്ത്രം, ഭൗതിക ശാസ്ത്രം, എഞ്ചിനീയറിംഗ് മുതലായ വിഷയങ്ങൾ വിശദമായി പഠിക്കാൻ സഹായിക്കുന്നു.

Jasper A.I 

ഉപന്യാസങ്ങൾ, ലേഖനങ്ങൾ, റിപ്പോർട്ടുകൾ, ഗവേഷണ പേപ്പറുകൾ എന്നിവ തയ്യാറാക്കുന്നതിന് സഹായിക്കുന്നു. കോളേജ് വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും അവരുടെ പ്രൊജെക്ടുകൾ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്നു.

Knewton Alta 

ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രസതന്ത്രം എന്നിവയിലെ സങ്കീർണ്ണമായ ആശങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

Chat GPT

ഗണിതവും ശാസ്ത്രവും മുതൽ സാഹിത്യവും സാമൂഹിക പഠനം വരെയുള്ള വിവിധ വിഷയങ്ങൾ മനസിലാക്കാനും, പ്രശ്നങ്ങൾ  പരിഹരിക്കാനും വിദ്യാർത്ഥികളെ ChatGPT സഹായിക്കും. ഇതിന് ആശയങ്ങൾ വിശദീകരിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സാധിക്കും

               ലോകം മാറ്റത്തിൻ്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് ആ പാതയിലൂടെ വ്യതിചലിക്കാതിരുന്നാൽ A.I നമുക്ക് അവസരങ്ങളുടെ ലോകം സൃഷ്ടിച്ചു നൽകും. A.I യുടെ സാദ്ധ്യതകളെല്ലാം ഉൾപ്പെടുത്തി സജ്ഞരായിരിക്കുക എന്നതാണ് വിദ്യാർത്ഥികൾ ചെയ്യേണ്ട പ്രഥമ ദൗത്യം. A.I ഒരു പ്രതിസന്ധിയല്ല മറിച്ച് അവസരമാണ്. ശാസ്ത്രീയമായ പഠനരീതി സ്വീകരിക്കാനും, വിനോദത്തിലൂടെ വിജ്ഞാനം പകരാനും തുടങ്ങി നിരവധി മേഖലകളിലാണ് ഇന്ന് A.I സ്വാധീനം ചെലുത്തുന്നത്. ഇത്തരത്തിലൂള്ള A.I ടൂളുകളുടെ കാര്യക്ഷമമായ ഉപയോഗം വിദ്യാർത്ഥികളുടെ പഠനജീവിതത്തിന് മുതൽ കൂട്ടാണ്.

അവധിക്കാലം എങ്ങനെ ഉപകാരപ്രദമാക്കാം

വിദ്യാർത്ഥികൾ അവരുടെ അവധിക്കാലം എങ്ങനെയെല്ലാമാണ് ചിലവഴിക്കുന്നത്? ചിലപ്പോൾ കളിച്ചും സിനിമ കണ്ടും, ബന്ധുക്കളുടെ വീടുകളിൽ പോയിട്ടും, അങ്ങനെയെല്ലാം വെറുതെ സമയം കളയും. ചില കുട്ടികളാണെങ്കിൽ കിട്ടാവുന്ന സമയം മുഴുവൻ മൊബൈലിൽ തന്നെയാണ്. വീഡിയോ ഗെയിം കളിച്ചും മറ്റു വീഡിയോകൾ കണ്ടും സമയം വെറുതെ കളയുകയാണ്, പക്ഷേ അതിൽ നിന്നെല്ലാം നമുക്കൊന്നു മാറി ചിന്തിക്കാം. നമ്മുടെ മനസ്സിന് ഉണർവും ശരീരത്തിന് ഊർജ്ജവും നൽകുന്ന കുറച്ചു കാര്യങ്ങൾ അവധിക്കാലത്ത് ചെയ്യാൻ സാധിക്കുന്നതാണ്.

1. ഇന്നത്തെ കാലത്ത് കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത മനുഷ്യർ കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ കണ്ടുപിടിച്ച് ചെയ്യാവുന്നതാണ്.

2. ശരീരത്തിന് ബലവും ഉന്മേഷവും കിട്ടാൻ നീന്തൽ, യോഗ തുടങ്ങിയ ക്ലാസുകൾക്ക് പങ്കെടുക്കാവുന്നതാണ് .

3. ബുദ്ധിശക്തി കൂടാനും പഠിച്ച കാര്യങ്ങളെല്ലാം മറന്നു പോകാതിരിക്കാനുമായി ചെസ്സ്, അബാക്കസ് മുതലായ ഗെയിമുകൾ പരിശീലിക്കാവുന്നതാണ്.

4. നമ്മിലുള്ള കലാവാസനെ വികസിപ്പിക്കാനായി ചിത്രരചന, ഡാൻസ്, സംഗീതം,....etc ചേരാവുന്നതാണ്.

5. കായികമായി നമ്മുടെ കഴിവിനെ വികസിപ്പിക്കാനായി ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് തുടങ്ങിയവയ്ക്ക് പരിശീലനം നേടാവുന്നതാണ്.

കുട്ടികൾ അവരുടെ കഴിവുകൾ മനസിലാക്കി അവർക്ക് അനുയോജ്യമായ ഭാവി കണ്ടെത്താൻ ഈ അവധികാലം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പഠനത്തിന്റെ വിരസതയിൽ നിന്നെല്ലാം വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള പല പ്രോഗ്രാമുകളിലും അവരെ പങ്കെടുപ്പിക്കാവുന്നതാണ്. മാത്രമല്ല പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന നിലവാരം കൂട്ടാൻ ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ ഉപകരിക്കുന്നു.

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up